Parava Movie Review
സൗബിൻ ഷാഹിറിന്‍റെ കന്നി സംവിധാന സംരഭത്തിന് കെങ്കേമം എന്നല്ലാതെ മറ്റൊരു വാക്കും നല്കാനില്ല. പറവ പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിഞ്ഞു. അളവില്ലാത്ത സ്നേഹത്തിന്‍റെ, അളവില്ലാത്ത സൗഹൃദത്തിന്‍റെ, അളവില്ലാത്ത ദുഃഖത്തിന്‍റെ പറവകൾ പാറി പറന്ന് അതിന്‍റെ യാത്ര തുടങ്ങി കഴിഞ്ഞു.
രണ്ട് കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മട്ടാഞ്ചേരി പശ്ചാത്തലം ആകുന്ന കഥയിൽ ഇരുവരുടെയും ജീവിതവും, പറവ വളർത്തലും സ്‌കൂൾ ജീവിതവുമൊക്കെ രസകരമായ സന്ദർഭങ്ങളിലൂടെ സൗബിൻ പറഞ്ഞു പോകുന്നു.
പിന്നീട് ഷൈൻ നിഗവും ദുൽഖറും ചേരുന്നതോടെ സിനിമ അതിന്‍റെ പൂര്‍ണ്ണ രൂപം പ്രാപിക്കുന്നു. സിക്സ് ഫോർ മട്ടാഞ്ചേരി എന്ന ക്ലബിലെ അംഗങ്ങൾ ആയ ഇവർ എല്ലാവർക്കും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പ്രശ്‌നത്തിൽ ഇടപെടേണ്ടി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികസങ്ങളുമാണ് കഥയ്ക്ക് ആധാരം.
ചിത്രത്തിൽ അഭിനയിച്ച എല്ലാ അഭിനേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ സവിശേഷത. ബാലതാരങ്ങൾ മുതൽ ദുൽഖർ വരെ അവരുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് പറവയിൽ കാഴ്ച്ച വെച്ചത്. എടുത്ത് പറയേണ്ട മറ്റൊരു പേര് സംവിധാനകനിൽ മാത്രം ഒതുങ്ങാത്ത നടൻ സൗബിന്‍റെ പ്രകടനമാണ്. കക്ഷി ഞെട്ടിച്ചു കളഞ്ഞു. സൗബിന്‍ ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
ടെക്‌നിക്കൽ വശത്തേക്ക് വരുകയാണെങ്കിൽ ആദ്യമേ തന്നെ പറയണ്ട പേരാണ് ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പിന്‍റെ. ഇതിന്‍ മുൻപ് ഉസ്താദ് ഹോട്ടൽ മാത്രം ചെയ്ത് പരിചയം ഉള്ള കക്ഷി ഞെട്ടിച്ചു കളഞ്ഞു. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനെ തോന്നിയിട്ടില്ല. അതുപോലെ തന്നെ സംഗീതം ചെയ്ത റെക്‌സ് വിജയൻ. സന്ദർഭത്തിന്‍ ചേർന്ന നിലയിൽ മികച്ച സംഗീതം തന്നെ റെക്‌സ് നിർവ്വഹിച്ചു. എഡിറ്റിംഗ് നിർവ്വഹിച്ച പ്രവീണ്‍ പ്രഭാകറിനും ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
.
സൗബിൻ, ഒരു നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല നിങ്ങൾ. പറവ പോലെ അല്ലെങ്കിൽ അതിലും മികച്ചതായ മറ്റൊരു ചിത്രത്തിലൂടെ മലയാള സിനിമ നിങ്ങളെ വീണ്ടും കാത്തിരിക്കുന്നു.
അവസാനമായി പ്രേക്ഷകരോട്, പറവ ഒരു അനുഭവമാണ്. തിയറ്ററിൽ നിന്നും കണ്ടറിയേണ്ട അനുഭവം. ചിത്രം കാണുകയല്ല മറിച്ച് ഈ സിനിമ അനുഭവിച്ചു തന്നെ നിങ്ങൾ അറിയണം. അത്രമേൽ ഗംഭീരം ഈ പറവക്കൂട്ടം.