Tuesday, 12 September 2017

ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുമോ? അന്‍വര്‍ റഷീദിന്റെ മറുപടി .


ഒരു ഫുള്‍ ലെങ്ത് ഫീച്ചര്‍ ഫിലിം 'ഉസ്താദ് ഹോട്ടലി'ന് ശേഷം അന്‍വര്‍ റഷീദിന്റേതായി പുറത്തെത്തിയിട്ടില്ല. ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന 'ട്രാന്‍സ്' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അന്‍വര്‍. 'ട്രാന്‍സി'ന്റെ ചിത്രീകരണജോലികള്‍ പുരോഗമിക്കുന്നതിനിടെ കൗതുകമുണ്ടാക്കുന്ന ഒരു പുതിയ വാര്‍ത്ത ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

 'ട്രാന്‍സി'ന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറാണ് നായകനെന്നും ഒരു പൊലീസ് ഓഫീസറാണ് നായകകഥാപാത്രമെന്നും മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ സിനിമാപ്രേമികളുടെ കൗതുകത്തിന് തല്‍ക്കാലം ആയുസ്സില്ല.

ദുല്‍ഖറിനെ പൊലീസ് കഥാപാത്രമായ നായകനാക്കി താന്‍ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് അന്‍വര്‍ റഷീദ് സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. നിലവില്‍ 'ട്രാന്‍സു'മായി ബന്ധപ്പട്ട തിരക്കുകളിലാണെന്നും. കരിയറില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞ ദുല്‍ഖര്‍ ഇനിയും ഒരു മുഴുനീള പൊലീസ് കഥാപാത്രമായി സ്‌ക്രീനില്‍ എത്തിയിട്ടില്ല. ലാല്‍ജോസിന്റെ 'വിക്രമാദിത്യ'നില്‍ ഐപിഎസ് ഓഫീസറായി അവസാനം എത്തുന്നുണ്ടെങ്കിലും അതൊരു പൊലീസ് സ്റ്റോറി ആയിരുന്നില്ല. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പൊലീസ് കഥാപാത്രമാവുന്നത് അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ എന്ന തരത്തിലായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്തായാലും ദുല്‍ഖറിന്റെ അത്തരമൊരു കഥാപാത്രത്തിന് ഇനിയും കാത്തിരിക്കണം.
അതേസമയം അന്‍വറിന്റെ പുതിയ ചിത്രം 'ട്രാന്‍സ്' പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. വിന്‍സെന്റ് വടക്കന്റേതാണ് രചന. ജാക്ക്സണ്‍ വിജയന്‍ സംഗീതം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്. അജയന്‍ ചാലിശ്ശേരി കലാസംവിധാനം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് എ ആന്റ് എ റിലീസാണ്. അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നുനടത്തുന്ന വിതരണക്കമ്പനിയാണ് എ ആന്റ് എ. ഫഹദ് നായകനാവുമ്പോള്‍ ഒപ്പം സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.



Cine Safari . 2017 Copyright. All rights reserved. Designed by Blogger Template | Free Blogger Templates