Wednesday, 9 August 2017


ഫഹദിന്റെ പുതിയ തമിഴ്ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്റര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നു. 'തനി ഒരുവന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായകന്‍ ശിവകാര്‍ത്തികേയനും. ഫഹദിനൊപ്പമുള്ള അഭിനയാനുഭവം പറഞ്ഞ് ശിവകാര്‍ത്തികേയന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഏത് ഹോളിവുഡ് നടനോടും മത്സരിക്കാന്‍ പ്രതിഭയുള്ള അഭിനേതാവാണ് ഫഹദ് എന്നായിരുന്നു ശിവകാര്‍ത്തികേയന്റെ അഭിപ്രായം. ഇപ്പോഴിതാ സംവിധായകന്‍ മോഹന്‍രാജയും ഫഹദിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ ആവേശം പങ്കിടുന്നു.
'തനി ഒരുവന്' ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗംഭീര വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായി തനിയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു നടനെ ആവശ്യമുണ്ടായിരുന്നുവെന്നും പറയുന്നു മോഹന്‍ രാജ.

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ സംഭാഷണങ്ങള്‍ നല്‍കണമെന്ന് ഫഹദ് ആവശ്യപ്പെട്ടിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിയ്ക്ക് അതിന് സാധിച്ചില്ല. എനിയ്ക്കതില്‍ കുറ്റബോധം തോന്നി. പക്ഷേ ചിത്രീകരണം ആരംഭിച്ചപ്പോള്‍ എനിയ്ക്ക് ഒരുകാര്യം മനസ്സിലായി. ഫഹദിന് നന്നായി തമിഴറിയാം. ഒരു രംഗം ചിത്രീകരണത്തിന് അര മണിക്കൂര്‍ മുന്‍പ് ഡയലോഗ് കൊടുത്താലും മതി. അദ്ദേഹമത് ഗംഭീരമാക്കുമെന്ന്..”
തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍-ടൈമിനെക്കുറിച്ച് ആശങ്കപ്പെടുന്ന നടനല്ല ഫഹദ് എന്നും കൂട്ടിച്ചേര്‍ക്കുന്നു 'വേലൈക്കാരന്‍' സംവിധായകന്‍. “മറ്റൊരു പ്രധാന താരവും അഭിനയിക്കുന്ന സിനിമയാണെങ്കില്‍ തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍-ടൈമിനെക്കുറിച്ച് ആശങ്കപ്പെടുന്ന താരങ്ങളാണ് അധികവും. പക്ഷേ ഫഹദ് അത്തരമൊരാളല്ല. അദ്ദേഹത്തിന് ചെയ്യുന്ന ജോലിയില്‍ മാത്രമാണ് ശ്രദ്ധ..”, മോഹന്‍രാജ പറഞ്ഞവസാനിപ്പിക്കുന്നു

Cine Safari . 2017 Copyright. All rights reserved. Designed by Blogger Template | Free Blogger Templates